Tuesday, March 15, 2016

പ്രതീക്ഷയുടെ തളിർനാമ്പ് മുളക്കുന്നു

                           
                               ഇടവപ്പാതി ഉഗ്ര രൂപം പൂണ്ടു നിൽക്കുന്ന മെയ്‌ മാസത്തിലെ ഒരു രാത്രി. ഇടവേളകളില്ലാതെ പെയ്തോഴിയാറുള്ള മഴ അന്നും പതിവ് തെറ്റിച്ചില്ല. സമയം പാതിരാത്രി 12:00 മണി ആയിക്കാണണം. പുതപ്പിനുള്ളിൽ ചുരുണ്ട്കൂടി കിടക്കുകയാണെങ്കിലും ഉറങ്ങാൻ അവനു കഴിയുന്നില്ല. പണ്ട് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയിൽ പുതപ്പിൻ കീഴിൽ കിടന്നുറങ്ങുന്നയത്ര സുഖം മറ്റൊരു സമയത്തും കിട്ടില്ലെന്ന്. എന്നാൽ അതിലൊന്നും കാര്യമില്ല എന്ന് അവന്റെ അനുഭവങ്ങൾ അവനെ പഠിപ്പിച്ചിരിക്കുന്നു. ചെറുപ്പ കാലത്തായിരുന്നെങ്കിൽ അതിനൊക്കെ അർഥം ഉണ്ടെന്നു പറയാമായിരുന്നു. അമ്മയുടെ മാറിലെ ചൂടും പറ്റി ഉറങ്ങുമ്പോൾ ഈ ലോകം മുഴുവൻ അവനു  താരാട്ടു പാടുമായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു, ഒന്നിന് പിറകെ ഒന്നായി വ്യാകുലതകൾ കടന്നു വന്നു കൊണ്ടിരുന്നു. രാത്രിയിൽ ഉറക്കം പേരിനു മാത്രം, അതാണെങ്കിൽ തന്നെ ഇയർ ഫോണിൽ നിന്നുള്ള സംഗീത ലഹരിയിൽ എല്ലാം മറക്കുമ്പോൾ. മഴയുടെ ഇരമ്പം ഇയർ ഫോണിനെയും കവച്ചു വക്കാൻ പോന്നതായത് കൊണ്ടാവും അന്ന് ഉറക്കം അകന്നു നിന്നു. പുതപ്പു വശത്തേക്ക് മടക്കി ഇട്ട് കിടക്കയിൽ നിന്നും അവൻ എണീറ്റു. തന്റെ സ്വകാര്യത ഒരു പരിധി വരെ ഇഷ്ട്ടപ്പെടുന്ന അവനു റൂമിൽ ഒറ്റക്കായത് ഒരുവിധത്തിൽ അനുഗ്രഹം ആയിരുന്നു. പതിയെ എഴുന്നേറ്റ് ലൈറ്റ് തെളിയിക്കാതെ അവൻ മുറിക്കു പുറത്ത് കടന്നു. മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് ഹാൾ ലേക്കാണ്. ഹാളിൽ നിന്നുമാണ് ബാല്കണിയിലേക്കുമുള്ള വാതിൽ. അടുത്ത മുറികളിൽ അവന്റെ സുഹൃത്തുക്കൾ നല്ല ഉറക്കത്തിലാണ്. ഒരു ദിവസത്തെ അധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ അവർക്ക് ആകെ കിട്ടുന്ന സമയം നിലാവ് പരക്കുന്ന രാത്രിയുടെ മധ്യായ്നം  മാത്രമാണ്. അവൻ ഹാളിൽ നിന്നും നേരെ ബാല്കണിയിലേക്ക് ഇറങ്ങി. അവിടെ നിന്നാൽ അങ്ങ് പടിഞ്ഞാറ് അറബിക്കടൽ കാണാം, തിരമാലകൾ കടപ്പുറത്ത് ബഹളം കൂട്ടുന്നതും കേൾക്കാം. എന്നാൽ ഇന്ന് മഴയുടെ ശബ്ദത്തിൽ അവയെല്ലാം നിശബ്ദരാണ്. 6 ആം  നിലയിലെ ആ ബാൽക്കണിക്കു അലങ്കാരമായി ഉള്ള കമ്പി വേലികളിൽ  ചാരി അവൻ നിന്നു. ഉറക്കമില്ലാത്ത പല രാത്രികളിലും ആ ബാല്കണി ആണ് അവനു അഭയം നൽകിയിട്ടുള്ളത്. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥയിൽ അവൻ അവന്റെ വിഷമങ്ങൾ പങ്കു വച്ചതും ആ ബാല്കണിയോട് മാത്രമാണ്. അന്നൊക്കെ ഒരു ഉറ്റ ചങ്ങാതിയെപ്പോലെ അത് അവന്റെ സങ്കടങ്ങളിൽ പങ്ക് ചേർന്നു.



                               സ്ഥിരമായി ഉള്ള കടൽക്കറ്റിനൊപ്പം മഴ കൂടി ആയപ്പോൾ തണുപ്പ് അവന്റെ അസ്ഥികലെപ്പോലും ചലനം അറ്റതാക്കി. മഴയുടെ സുഖം പൂർണ്ണമായി അനുഭവിച്ചറിയാൻ അവൻ തന്റെ മുഖം പുറത്തേക്കു നീട്ടി. മഴത്തുള്ളികൾ അവന്റെ നെറ്റിയിൽ പതിച് കണ്ണുകളെ തഴുകി കവിളിൽക്കൂടി ഒഴുകി ഇറങ്ങി. എന്തെന്നില്ലാത്ത ഒരു പ്രത്യേകത അവനു അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരൽപം മുന്നേ വരെ അവനെ അലട്ടിയിരുന്ന പ്രശ്നങ്ങളെല്ലാം മഴതുള്ളികൾക്കൊപ്പം ഒലിച്ചുപോയപോലെ. നാളെ നേരം പുലരുമ്പോൾ ലോകം അവസാനിച്ചു എന്ന വാർത്ത‍ തന്നെ വരവേൽക്കണേ എന്ന് ആഗ്രഹിച്ചിരുന്ന സ്ഥാനത് ഇപ്പോൾ പ്രതീക്ഷയുടെ തളിര്നാമ്പ് മുളച്ചിരിക്കുന്നു. ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾക്ക് ബാലിയാടായിക്കിടന്നിരുന്ന താൻ ബന്ധനസ്ഥൻ ആയ പോലെ. ഇരുളിൽ നിന്നും തന്നെ ലക്ഷ്യമാക്കി വന്നിരുന്ന അമ്പുകളെ നേരിടാൻ പ്രാപ്തി ഇല്ലാതെ തളർന്നു നിന്നിരുന്ന അവൻ ഇന്നതിനെ നേരിടാൻ തയ്യാറായിരിക്കുന്നു. മുഖത്ത് ചിരിയുടെ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഏകാന്തതയുടെ കരിനിഴൽ പതിച്ചിരുന്ന തന്റെ മനസ്സിന്റെ ഇടനാഴികളിൽ എവ്ടെയൊക്കെയോ ഉയിർതെഴുന്നെൽപ്പിന്റെ വെളിച്ചം കണ്ടു തുടങ്ങിയിരിക്കുന്നു. സുഹൃത്ത് ബന്ധങ്ങളെ വീണ്ടും ഒരുമിപ്പിച് കൊണ്ട്പോകാൻ കഴിയും എന്നൊരു പ്രതീക്ഷ. ലക്ഷ്യബോധമില്ലാതെ അലഞ്ഞിരുന്ന ദേഹിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം. ഈ പാതിരാ മഴത്തുള്ളികൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നു.

                              കലാലയ ജീവിതത്തിൽ സമ്പാദ്യമായി സ്വരുക്കൂട്ടിയത് ഒരുപറ്റം സുഹൃത്ത് ബന്ധങ്ങളാണ്, ആൺ പെൺ ഭേദമില്ലാത്ത കുറെയധികം നല്ല സുഹൃത്തുക്കളെ. പലരും പല വഴിക്ക് തിരിഞ്ഞ് പോയി. കുറേപ്പേർ  ജീവിത സമ്പാദ്യത്തിൽ ശ്രദ്ധ ചെലുത്തി ജീവിക്കുന്നു, ബന്ധങ്ങൾ അമൂല്യമായി കരുതുന്നവർ ഇപ്പോൾ വളരെ കുറവ്. കോളേജ് അവസാന കാലത്ത് ഏതൊരു വിദ്യാർത്ഥിയെയും പോലെ ജീവിതം ഒറ്റയടിക്ക് കയ്യെത്തിപ്പിടിക്കാൻ ജോലി അന്വേഷിച് നടന്ന ഒരുകൂട്ടം വിദ്യാർത്ഥികളിൽ ഒരുവൻ ആയിരുന്നു അവനും. ക്യാമ്പസ്‌ പ്ലെസ്മെന്റിൽ ജോലി തരപ്പെട്ടു പടി ഇറങ്ങുമ്പോൾ വ്യാകുലതകൾ ചെറുതായി ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ സമാധാനം ആയിരുന്നു, എന്തെന്നാൽ പഠിത്തം കഴിഞ്ഞ് അലഞ്ഞു തിരിഞ്ഞ് നടകേണ്ടി വരില്ലല്ലോ. എന്നാൽ അവന്റെ ആ ആശ്വാസത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

                              ജോലിക്ക് പ്രവേശിച്ച ആദ്യ കാലങ്ങളിൽ  കലാലയ ജീവിത ശൈലികൾ ആവർതിക്കപ്പെട്ട പോലെ തന്നെയായിരുന്നു. ആകെ വ്യത്യാസം ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്നു എന്നത് മാത്രമാണ്. പുതിയ സുഹൃത്തുക്കൾ , പുതിയ ചുറ്റുപാട് , തീരെ പരിചിതമല്ലാത്ത പ്രഫഷണൽ ലൈഫ്, എല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയ നാളുകൾ. ട്രെയിനിംഗ് നു ശേഷം ഓരോരുത്തരെയും ഓരോരോ മേഖലകളിലേക്ക് വിന്യസിക്കാൻ തുടങ്ങി. വിരലിൽ എണ്ണാൻ കഴിയുന്നവർ ഒഴികെ അവന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാം വളരെ അകന്നു പോകുന്നത് അവൻ അറിഞ്ഞു. ആരോടും പരാതി പറയാൻ ആകാതെ തന്റെ മേഖലയിലേക്ക് അവൻ കടന്നു. ചെയ്യുന്നതിലൊന്നും പൂർണ തൃപ്തി കണ്ടെത്താൻ അവനു സാധിച്ചില്ല. എന്തൊക്കെയോ എവിടെയൊക്കെയോ അകന്നു നിൽക്കുന്ന പോലെ. കേൾക്കുന്നവർ തന്നെ ഭ്രാന്തൻ എന്ന മുദ്ര കുത്തും എന്ന ഭയത്താൽ അവൻ ആരോടും ഒന്നും പറഞ്ഞില്ല. കാലങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ അവന്റെ ഉള്ളിലെ ശൂന്യത കൂടി വന്നതെയുള്ളു. എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് പോലും തോന്നിയ നാളുകൾ. എങ്കിലും ഒരു തീരമണയും വരെ തുഴച്ചിൽ തുടരാൻ അവൻ നിർബന്ധിതനായി. ആ തുഴച്ചിൽ ഇന്നും തുടരുന്നു.

                                   ഹാളിൽ തൂക്കിയിരുന്ന ക്ലോക്കിൽ മണി ഒന്നടിച്ചു. പെട്ടെന്ന് അവൻ ചിന്തകളിൽ നിന്നും ഉണർന്നു. മഴ തോർന്നിരിക്കുന്നു, തിരമാലകൾ വീണ്ടും ബഹളം തുടങ്ങിയിരിക്കുന്നു. എന്നാലും മഴ പകർന്നു നൽകിയ ഉന്മേഷം അവനു കൈമോശം വന്നിട്ടില്ല. കാലങ്ങൾക്ക് ശേഷം സന്ധ്യാസമയത്ത് ശ്രീ പത്മനാഭനെ തൊഴുതു വണങ്ങി അവിടുത്തെ മണൽത്തിട്ടയിൽ കുറെയധികം സമയം ചെലവഴിച്ചത്‌ കൊണ്ടും കൂടിയാകും 2 വർഷങ്ങളായി വല്ലപ്പോളും മാത്രമുള്ള ഈ ഒരു മനശ്ശാന്തി. എല്ലാം ഒരു നിമിത്തം പോലെ തോന്നുന്നു. വീണ്ടും ഒരു പടിയിറക്കത്തിനു സമയമായത് അവന് അറിയാൻ കഴിയുന്നുണ്ട്. സമാധാനം അറിഞ്ഞിട്ടില്ലാത്ത നാളുകൾക്ക് വിട. തന്റെ പാത ഇതല്ലെന്ന് മനസ്സിൽ ഉറപ്പിച് കഴിഞ്ഞു, അതിലേക്കുള്ള ദൂരം അകലെയുമല്ല. ഒരു ആയുസ്സിൽ മനുഷ്യന് ഏറ്റവും അത്യാവശ്യം മനസ്സമാധാനം ആണെന്ന അവന്റെ കാഴ്ചപ്പാട് വീണ്ടും പൂട്ടി ഉറപ്പിക്കപ്പെടുന്നു.

                                  തിരിച്ചു മുറിയിൽ കടന്ന് പുതപ്പിനടിയിൽ സ്ഥാനം പിടിച്ചപ്പോൾ അവനൊരു കാര്യം ശ്രദ്ധിച്ചു, ഉറങ്ങുന്നതിനു മുന്നേ ഉള്ള നിമിഷ നേരത്തെ പ്രാർത്ഥനയിൽ കടന്നു വരാറുള്ള വാക്കുകൾക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ലോകാവസാനം ആഗ്രഹിച്ചിരുന്ന അവനിന്ന് നല്ല നാളെയ്ക്കായി പ്രാർത്ഥിച്ചു തുടങ്ങിയിരിക്കുന്നു.

Monday, March 7, 2016

സർപ്പക്കാവിന്റെ കാണാക്കാഴ്ച്ചകളിലേയ്ക്ക്


                           ചക്രവാളം ചുവപ്പ് നിറം പ്രാപിച്ചു തുടങ്ങുന്നു, ഇരുട്ട് പരക്കുന്ന ആകാശത്ത് പറവകൾ കൂട്ടമായി പറന്നകലുന്നു. നേതാവിന്റെ നിർദേശാനുസരണം അച്ചടക്കത്തോടെ അവ ദൂരേക്ക്‌ മറയുന്നു. മഴയുടെ പ്രതീതി ഉണർത്തിക്കൊണ്ട് കാർമേഘങ്ങൾ അങ്ങിങ്ങ് തലപൊക്കി തുടങ്ങിയിരിക്കുന്നു. കൊടും വെയിലിൽ തളര്ന്നു പോയ കണ്ണാടിച്ചെടികൾക്ക് ജീവശ്വാസം വീണിരിക്കുന്നു.
വിജനമായ ആ പ്രദേശത്ത് ഞങ്ങൾ ചെന്നിറങ്ങുമ്പോൾ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു . അമ്മയോടൊപ്പം കുടുംബക്ഷേത്ര ദർശനത്തിന് എത്തിയതാണ് ഞാൻ. പണ്ടെങ്ങോ കണ്ടു മറന്ന സർപ്പക്കാവുകൾ മാത്രമാണ് ഇതിനെപ്പറ്റിയുള്ള ഏക ഓർമ്മ. വാഹനങ്ങൾ ചീറിപ്പായുന്ന ടാറിട്ട റോഡിൽ നിന്നും വലത് തിരിഞ്ഞ് കുറച്ച് ഉള്ളിലായാണ് ക്ഷേത്രം . പഴയകാല പ്രതാപത്തിൻ നിഴലിൽ ഒതുങ്ങി നിൽക്കുന്ന ആറാട്ട് കുളമാണ് വലതു തിരിയാനുള്ള സൂചിക. മണിമാളികകൾ അങ്ങിങ്ങ് തല പൊക്കിയതൊഴിചാൽ അത് ഇപ്പോഴും ഒരു നാട്ടിൻപുറം തന്നെ. പണ്ടെങ്ങോ കൃഷി നശിച്ച പാടശേഖരങ്ങൾ , പൊട്ടിപ്പൊളിഞ്ഞ ചെങ്കൽ റോഡുകൾ ഇവയൊക്കെ കഴിഞ്ഞ കാലത്തിന്റെ ഓർമ്മയിൽ നിലകൊള്ളുന്നു. സ്ഥിതി ഇതൊകെ ആണെങ്കിലും ശാന്തമായ അന്തരീക്ഷവും അതിൽ ഒഴുകി നടക്കുന്ന ശുദ്ധ വായുവും മനുഷ്യവാസം സുഘകരമാക്കുന്നുണ്ടാവാം.

                              ചെങ്കൽ വീഥിയിൽ അൽപം മുന്നോട്ട് പോയപ്പോൾ വലതു വശത്തായി ക്ഷേത്രം കണ്ടു. പ്രവേശന കവാടം കടന്നു നീണ്ടു കിടക്കുന്ന വഴിയിൽ കൂടി അകത്തേക്ക് കടന്നു. ക്ഷേത്രക്കുളം കാലാകാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി, മാലിന്യക്കൂമ്പാരങ്ങൾ ജലാശയത്തിനു പുതപ്പുവിരിച്ചിരിക്കുന്നു. കാലഹരണപ്പെടാൻ കാത്തു കിടക്കുന്ന ഒരു മുൻതലമുറ സമ്പത്ത്.
അവടെ നിന്നും നടന്നു ശ്രീകോവിലിനു അടുത്തെത്തിയപ്പോൾ ക്ഷേത്ര പുനരുദ്ധാരണം നടക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി, പഴയ കൽഭിത്തികളുടെ അവശിഷ്ടങ്ങൾ അങ്ങിങ്ങ് ചിതറിക്കിടകുന്നു, പുതിയ കരിങ്കൽ അടിത്തറയുടെ പണിയും നടക്കുന്നു. പ്രതിഷ്ഠ താൽകാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു. പുതിയ ക്ഷേത്ര വാതിലുകൾക്കും മറ്റുമായി തേക്കിൻ തടികൾ അറത്കൂട്ടിയിട്ടിരിക്കുന്നു. കാടുപിടിച്ച് കിടന്നിരുന്ന വിശാലമായ പ്രദേശം അടുത്തിടയിൽ എപ്പോഴോ വൃത്തി ആക്കിയത് കാണാൻ ഉണ്ട്. അവടെ നിന്നും നോക്കുമ്പോൾ അങ്ങകലെ സർപ്പക്കാവുകൾ അവ്യക്തമായി കാണാം. ദേവിയെ തൊഴുതു വണങ്ങി കാവ് ലക്ഷ്യമാക്കി നടന്നു. ഭൂപ്രദേശം അത്രയും വേണ്ടവിധം ഉപയോഗപ്പെടുത്താത്തതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. അങ്ങിങ്ങായി തെങ്ങുകൾ തല ഉയർത്തി നിൽക്കുന്നുണ്ടെങ്കിലും വിളകൾ പേരിനു മാത്രം, പൈതൃക സമ്പത്തുകൾ അവഗണിക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം.

                        സർപ്പക്കാവിൽ എത്തിയപ്പോൾ ചിന്തകൾ മുറിഞ്ഞു . ഓർമ്മയിൽ ഉണ്ടായിരുന്ന കാവിനു രൂപമാറ്റം സംഭവിച്ചിട്ടില്ല എന്നത് ആശ്വാസം ഏകുന്ന കാര്യമാണ്. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു നശിക്കാതെ കിടക്കുന്ന അപൂർവ സമ്പത്ത്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു.
കൽത്തറകലിൽ പ്രതിഷ്ടിച്ചിരിക്കുന്ന നാഗത്താന്മാരുടെ വിഗ്രഹങ്ങൾ അന്യർ അശുദ്ധം ആക്കാതിരിക്കാൻ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. പൂജാ കർമ്മങ്ങൾക്ക്  വരുന്ന കാർമ്മികർക്കു മാത്രമേ ഉള്ളിൽ പ്രവേശനം ഉള്ളു. ചുറ്റുമതിലിന് വെളിയിൽ പ്രതിഷ്ടക്ക് മുഖാമുഖമായി കൽവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നു. കഴിഞ്ഞു പോയ പൂജയുടെ ബാക്കിപത്രം എന്നപോലെ കരിന്തിരി അവശിഷ്ടങ്ങൾ കൽവിളക്കിൽ തല താഴ്ത്തി കിടക്കുന്നു. ഒന്നുകിൽ അടുത്ത പൂജ വരെ , അല്ലെങ്കിൽ ആരെങ്കിലും വന്നു വിളക്ക് തെളിയിക്കുന്ന വരെ അവയ്ക്ക് സ്ഥാന ചലനം സംഭവിക്കുകയില്ല . ഇതിനു താഴെ ആയി നിലത്ത് കർപ്പൂരതറകൾ സജ്ജമാക്കി വച്ചിരിക്കുന്നു, അവയുടെ മേൽക്കൂരകളിൽ കറുപ്പ് നിറം പടർന്നിട്ടുണ്ട്. ആചാരനുഷ്ടാനമെന്നോണം വലിയ സിമന്റ് തറയിൽ കളമെഴുതി കോലം വരച്ചതിന്റെ രേഖകൾ മായാതെ കിടക്കുന്നു. കഴിഞ്ഞു പോയതും എന്നാൽ അധികം പഴക്കം ചെല്ലാതതുമായ ഏതോ ഒരു പ്രഭാതത്തിൽ കളത്തിനു വർണ്ണശോഭ ഏകിയ മഞ്ഞൾപ്പൊടിയും കുങ്കുമവും അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. പേരാൽ, മഞ്ചാടി മരം അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഒട്ടനവധി വൃക്ഷസ്രേഷ്ടർ തലയുയർത്തി തണലേകുന്നു. അവയിലെല്ലാം വള്ളിച്ചെടികൾ സ്ഥാനം പിടിചിട്ടുമുണ്ട്.

പെട്ടെന്നാണ് നിലത്ത്, ചുറ്റുമതിലിനും കരിവിളക്കിനുമിടയിൽ കിടക്കുന്ന ഒരു നേർത്ത വസ്തു എന്റെ ശ്രദ്ധയിൽ പതിഞ്ഞത്, ആകാരഭംഗി നശിച്ചിട്ടില്ലാത്ത ഒരു അപ്പൂപ്പൻതാടി. പെട്ടെന്ന് എവടെ നിന്നോ ഒരു തണുത്ത കാറ്റു വീശാൻ തുടങ്ങി, നനുത്ത കുളിരേകി കടന്നു പോകുന്ന പടിഞ്ഞാറൻ കാറ്റു പോലെ. ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.

പണ്ട് മലയാ സ്കൂളിൽ 5ആം  ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരുമൊത്ത് സ്ഥിരമായി കടന്നു പോകുന്ന ഒരു ഇടവഴി ഉണ്ടായിരുന്നു. ടാറിട്ട റോഡ്‌ ഉണ്ടായിരുന്നിട്ട് കൂടി ആ പാത ആയിരുന്നു ഞങ്ങൾക്ക് പ്രിയപ്പെട്ടത്. കാരണം മറ്റൊന്നുമല്ല, മഞ്ചാടി മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്നുണ്ട് ആ വഴിയിൽ, കൂടാതെ അപ്പൂപ്പൻ താടി ചെടികളും. ദിവസവും രാവിലെ 9 മണിയോടടുത്ത് കടന്നു പോകുമ്പോൾ നിലത്ത് നിറയെ മഞ്ചാടി കുരുക്കൾ ചിതറിക്കിടക്കുന്നുണ്ടാകും. ആ നേരത്ത് വഴിയോരം വെള്ളമണൽ കുപ്പായത്തിൽ ചുവന്ന പുള്ളികൾ കണക്കെ കാണപ്പെടും. പിന്നീടങ്ങോട്ട് മഞ്ചാടി പെറുക്കൽ മത്സരം ആണ്, അന്നത്തെ ഏറ്റവും വാശി ഏറിയ മത്സരം. തോളിൽ ബാഗും ഒരു കയ്യിൽ ചോറ് പൊതിയും ഒക്കെ ആയി പെറുക്കി എടുത്തത് എണ്ണി തിട്ടപ്പെടുത്തി വിജയിയെ കണ്ടെത്തി  കഴിയുമ്പോളേക്കും 30 മിനുടോളം കടന്നു പോയിട്ടുണ്ടാകും. കഷ്ട്ടപെട്ടു ശേഖരിച്ച അമൂല്യ വസ്തു ഇതിനു വേണ്ടി പ്രത്യേകം ഒഴിച്ചിട്ടിരിക്കുന്ന  ബാഗിന്റെ അറയിൽ ഭദ്രമായി ഇട്ട ശേഷം നടപ്പ് തുടരും. ഏകദേശം 15 അടി മുന്നോട്ട് പോയിക്കഴിയുമ്പോൾ അപ്പൂപ്പൻ താടികൾ വായുവിലാകെ പറന്നു നടക്കുന്നത് കാണാം. കിട്ടാവുന്നത്ര നശിക്കാതെ കയ്യിലാക്കി യാത്ര തുടരും. തുടർ യാത്രയിലത്രയും അപ്പൂപ്പൻ താടിയുടെ സൗന്ദര്യാസ്വാദനം ആണ്. വിത്തിൽ നിന്നും പൊട്ടി മുളച്ച നരച്ച താടി രോമം കണക്കെ അത് തൂവെള്ള ശോഭയേകി നിലകൊണ്ടു. സൂര്യകിരണങ്ങൾ പതിക്കുമ്പോൾ താടിരോമങ്ങൾ വജ്രശോഭ പൂണ്ടു. അതും ആസ്വദിച്ച് സ്കൂളിൽ എത്താരാകുമ്പോളെക്കും ഫസ്റ്റ് ബെൽ കാതിൽ പതിക്കും. പെട്ടെന്ന് ശ്രീകോവിലിൽ നിന്നും മണിമുഴക്കം കേട്ടു, ഓർമ്മകൾ ദൂരേക്ക്‌ മറഞ്ഞു കഴിഞ്ഞു.

താഴെ കിടന്ന അപ്പൂപ്പൻ താടി ഉപേക്ഷിച്ചു പോകാൻ ആ പഴയ മലയാ സ്കൂൾകാരന്റെ മനസ്സ് അനുവദിച്ചില്ല, അതും എടുത്ത് അടുത്ത കാവിലേക്കു നടക്കുകയായി. അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായത് ഇത് വരെ കണ്ടതൊന്നുമല്ല യദാർത്ഥ കാവ് എന്ന്. മനുഷ്യന്റെ കടന്നാക്രമണം തീരെ അനുഭവിച്ചിട്ടില്ലാത്ത അവശ്ശെഷിപ്പ്. പണ്ടത്തെ മുത്തശ്ശികഥകളിൽ എന്നോ കേട്ടു മറന്ന വിശേഷണങ്ങൾ എല്ലാം ഒരുമിച്ച് സങ്കമിച്ച പോലെ. ചുറ്റുപാടുകൾ ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തം. മുളങ്കാടുകൾ സമ്പന്നമാക്കിയ പ്രദേശത്തിൻ നടുവിലൂടെ ഉള്ള നേർത്ത പാതയിൽ വൻ വൃക്ഷ വേരുകൾ തല ഉയർത്തി തിരികെ പോകുന്നു.  മുളകൾ പടർന്നു കിടക്കുന്നതിനാൽ നടപ്പാതയിൽ അല്ലാതെ ഒരു തരി മണൽ പോലും കാണാനില്ല. സൂര്യകിരണങ്ങൾ മുളയിലകളിൽ പതിക്കുമ്പോൾ ആ പ്രദേശം ഒട്ടാകെ  മഞ്ഞ നിറം പ്രാപിക്കുന്നു. ഒരു പ്രത്യേകതരം അനുഭൂതി, ഭയവും കുളിർമയും ഒരുമിച്ച അവസ്ഥ. വിജനമായ വനാന്തരങ്ങളുടെ നടുവിൽ ഉള്ള പ്രതിഷ്ഠ പോലെ അത് ഭീതി ഉയർത്തി നിലകൊണ്ടു. ഉള്ളിൽ കയറാൻ അമ്മയ്ക്ക് പേടി ഉള്ളത് പോലെ തോന്നി, വിറക്കുന്നുണ്ടായിരുന്നെങ്കിലും എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ച് ഞാൻ അകത്ത് കടന്നു. ഹൃദയത്തിൽ വിസ്ഫോടനങ്ങൾ നടക്കുന്നുണ്ടോ എന്നു സംശയിച്ച നിമിഷം ആയിരുന്നു അത്. ഓരോ കാലടി വയ്ക്കുമ്പോളും മുളന്കാടുകളിൽ നിന്നും എന്തോ എന്നെ ലക്‌ഷ്യം വയ്ക്കുന്നത് പോലെ. അതിന്റെ ഒത്ത നടുവിൽ എത്തിയപ്പോൾ ആണ് തല ഉയർത്താൻ തോന്നിയത്. ഭയം പെട്ടെന്ന് മനസ്സിൽ നിന്നും ഓടി മറഞ്ഞു, അത്രക്കും മനോഹരം ആയിരുന്നു അവിടെ നിന്നുള്ള കാഴ്ച. മുളയിലകളും, മരങ്ങളും ഒക്കെ ആയി കാവ് തന്റെ ഉഗ്ര രൂപം പൂണ്ട് നിൽകുന്നു. ഇത്തിരി നേരം ഞാൻ അതാസ്വദിച് അതെ പടി നിന്ന് പോയി. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം എന്റെ ഭയത്തെ കീഴടക്കിയിരിക്കുന്നു. പുറത്തിറങ്ങിയപ്പോൾ കാലങ്ങൾക്കപ്പുറം നഷ്ട്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന എന്തൊക്കെയോ താൻ കണ്ടെത്തിയതിന്റെ ആശ്വാസം. അകത്ത് കയറാതെ പോയിരുന്നെങ്കിൽ എന്തൊക്കെയോ നഷ്ട്ടപ്പെട്ടു പോകുമായിരുന്നു. ഈ സ്ഥലങ്ങൾ 21ആം  നൂറ്റാണ്ടിലും അവശേഷിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

മനുഷ്യന്റെ  വികസന മനോഭാവത്തിൽ തട്ടി പല പൈതൃക സമ്പത്തുകളും നശിച്ചു കൊണ്ടിരിക്കുന്നു, ഈ സ്ഥലം  ഇതേ പോലെ എത്ര കാലം ഇനി നിലകൊള്ളും എന്നതും നിശ്ചയമില്ല. ഇത് കണ്ടുപിടിക്കാൻ ഞാൻ എന്തെ ഇത്ര വൈകിയത്. എന്റെ താല്പര്യ വിഷയങ്ങളിൽ പണ്ട് ഇതിനു സ്ഥാനം ഉണ്ടായിരുന്നില്ല എന്നു ഞാൻ മനസിലാക്കുന്നു, അതിൽ പശ്ചാത്തപിക്കുന്നു. വീഴ്ചകളിൽ നിന്ന് പാഠം ഉൾകൊള്ളാൻ എനിക്കിന്ന് കഴിയുന്നുണ്ട്.  ജീവിതത്തിൽ പ്രായോഗികമാക്കാൻ  ഉള്ള ഒരു വലിയ പാഠം  ആണ് ഇവിടം ഇന്നെനിക്ക് സമ്മാനിച്ചത്, ഇനി ഇതിൽ വിട്ടു വീഴ്ച ഇല്ല.
ചിന്താശകലങ്ങൾ കണ്ണുനീർ പൊഴിക്കാൻ തുടങ്ങിയതറിഞ്ഞപ്പോൾ തിരികെ നടന്നു, വീണ്ടും വരാം എന്നാ ഉറച്ച വിശ്വാസത്തോടെ, തിരക്കു പിടിച്ച നഗര ജീവിതത്തിലേക്ക്...

Wednesday, April 24, 2013

അവസാന ആദ്യ മഴ

                                 ചൂടേറിയ കാലാവസ്ഥയിൽ വെന്തുപോള്ളുന്ന ഭൂമിയേയും അതിൻ ആശ്രിതരെയും തഴുകിയുണർത്താൻ ആദ്യ വേനൽമഴ ഇന്ന് (09-03-13) പെയ്തിറങ്ങി. ഈ വർഷത്തെ ആദ്യ മഴ.  ഓരോ മഴത്തുള്ളിയും ഭൂമിദേവിക്ക് പ്രണാമം അരുളാനെതുമ്പോൾ സഫലീകരിക്കപ്പെടുന്നത് ഒരായിരം ജനതയുടെ സ്വപ്നങ്ങളാണ്, കാലാകാലങ്ങളായി  അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ വിശ്വാസങ്ങളാണ്. വേനൽച്ചൂടിൽ വറ്റിവരണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ ആനന്ദനടനമാടുന്നു , മുളച്ചു പൊന്താൻ കാത്തു നിൽക്കുന്ന വിളകൾക്ക് ആശ്വാസ ദൂതുമായെത്തുന്ന ഈ മഴത്തുള്ളികളെ അവർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.
                         
                                   പുതുമഴയുടെ സംഗീതം എപ്പോഴും എന്നെ വല്ലാതെ ആകർഷിക്കാറുണ്ട്, ഇത്തവണയും ആ പതിവ് തെറ്റിയില്ല. എല്ലാ വർഷത്തെയും പോലെതന്നെ ഈ വർഷവും ആദ്യ മഴയുടെ സുഖം ഞാൻ അനുഭവിച്ചറിഞ്ഞു. അർദ്ധനഗ്ന മേനിയിൽക്കൂടി തഴുകിയിറങ്ങിയ ഓരോ കണങ്ങളും എന്നെ ഇക്കിളിപ്പെടുതുന്നുണ്ടായിരുന്നു. കലാലയ ജീവതത്തിലെ 'അവസാന ആദ്യമഴ' യാകും ഇത്, കാരണം 4 വർഷം നീണ്ട ഈ ജീവിതത്തിനു വിരാമമാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. അടുത്ത ആദ്യ മഴയ്ക്ക് ഞാൻ എവിടെയാകും എന്നു പോലും നിശ്ചയമില്ല. ചിലപ്പോൾ ശീതീകരിച്ച മുറികളിൽ ജീവിത സമ്പാദ്യത്തിനായുള്ള പടപോരുതലിൽ, അല്ലെങ്കിൽ മറ്റു തിരക്കുകളിൽ. എന്തായാലും ഇതുപോലൊരു ആസ്വാദന കാലഘട്ടം ഇനിയുണ്ടാവില്ല . അതോർത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു, മഴയായതിനാൽ ഞാൻ കരയുന്നത് പുരത്തറിയില്ല എന്നതും ഒരു സമാധാനം. അങ്ങനെ ഏതാണ്ട് 30 മിനിറ്റോളം ഞാനതാസ്വദിചു നിന്നുപോയി. ഈ നേരമത്രയും കൊരിചൊരിയുന്ന മഴയ്ക്ക് അകമ്പടി സേവിക്കാൻ ഇടിയും മിന്നലും വന്നുപോകുന്നുണ്ടായിരുന്നു. ഇവയ്ക്കൊന്നും എന്റെ സുഖാനുഭൂതിയിന്മേൽ മേൽക്കൈ നേടാൻ സാധിച്ചില്ല എന്നതാണ് സത്യം.
                          പഴമക്കാർ പറയുന്നതു പോലെ പുതുമണ്ണിൻ( ആദ്യ മഴക്കു ശേഷമുള്ള മണ്ണ്‍ ) ഗന്ധം തികച്ചും വ്യത്യസ്ഥം തന്നെയാണ്. ജീവജാലങ്ങളുടെ അത്രയും കാലത്തെ പാപങ്ങളാൽ കളങ്കിതമായ ഭൂമിയെ നനച്ചുണർത്തി പാപമോചിതമാക്കി അതിനു പുതുഗന്ധം നൽകിയതുപോലെ.
എന്റെ ഈ തൂലികയിൽ നിന്നും വാക്കുകൾ പിറക്കുമ്പോൾ മഴ തോർന്ന് അന്തരീക്ഷം ശാന്തമായിരിക്കുന്നു. ഈ വേളയിൽ ഭൂമിക്ക് ഒരു പുതുമോടി കൈവന്ന പോലെ. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ഒരു തൂവെള്ള നിറം. ഈ നിറത്തിൻമേൽ ഇനിയൊരു കറ പുരളാതിരിക്കാൻ നമുക്കു  ശ്രദ്ധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം, അതിനായി ഒറ്റക്കെട്ടായ് പ്രയത്നിക്കാം.

Thursday, March 14, 2013

BRIDA- Paulo Coehlo - A short Review

Brida is one the international Best Sellers from the legendary personal and master story teller Paulo Coehlo. As the description it holds, it truly proves that it has got all the qualities for being a bet seller. Brida had enough to capture reader minds. From very first line to the end of novel, one will impatiently wait for the next incident.

Brida is the story of a young Irish girl named Brida. She seeks for knowledge about mysteries and magical powers. on her journey she meets Magus, a wise man. The story starts with the question asked by Brida to Magus, 'I want to learn Magic, will you teach me ?'. And then it goes on in a capturing way. Magus taught her the lessons of being wise and how to overcome fear. For that he left her alone in a wild forest in a night by being watched by him in a concealed manner.
Then Brida meets a woman, Wicca who teaches her how to dance to the hidden music of world. They both sees a gift in her, a gift provided from the earth. But they want her to make her own voyage of discovery.
At last Wicca full fills Brida's wish to become a witch. As Brida seeks her destiny, she struggles to find a balance between her relationships and her desire to transform to a witch. The story ends while she finds her actual soul mate, her boyfriend. And Magus made her enough to seek her soul mate and he leaves.
This is a moving tale of love, passion, mystery and spirituality from the master story teller.
99% of people in this planet area, in their own way, struggling with that very question,
'Why are we here ?'
Only the brave and those who understand the traditions are aware that the only possible answer to the question is
'I DONT KNOW.'

വിഷകന്യക - ഒരു ലഘു ലേഖനം

വിശ്വ വിഖ്യാത സാഹിത്യകാരന്‍ എസ്. കെ. പൊറ്റെക്കാടിന്റെ തൂലികയാല്‍ ജന്മമെടുത്ത ഒരിതിഹാസ കാവ്യമാണ് വിഷകന്യക . യാത്രാവിവരണ ഗ്രന്ഥകാരന്‍ , നോവലിസ്റ്റ്‌ , കഥാകൃത്ത്‌ എന്ന മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച എസ്. കെ യുടെ സമ്പൂര്‍ണ വിജയം വിളംബരം ചെയ്യുന്ന നോവലാണിത്‌. പ്രകൃതി വര്‍ണ്ണന പാടവതിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഈ സാഹിത്യ പ്രതിഭയുടെ തികച്ചും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ഈ മഹാകാവ്യത്തെ അവര്‍ കാലകാലങ്ങള്‍ക്ക് മുന്‍പ് തന്നെ നെഞ്ജെട്ടികഴിഞ്ഞു. ഉപമാലങ്കാര സാഗരത്തില്‍ മുക്കിയെടുത്ത തൂലികയാല്‍ പ്രേക്ഷകരെ പുളകം കൊള്ളിക്കുന്ന തന്റെ തനതു ശൈലി കെട്ടിയുരപ്പിച്ചിരിക്കുകയാണ് കഥാകാരന്‍ ഈ നോവലിലൂടെ.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നീരാളിപ്പിടിത്തത്തില്‍ അകപ്പെട്ടുപോകുന്ന തിരുവിതാംകൂര്‍ പാവങ്ങള്‍ തങ്ങളുടെ ശിഷ്ടകാലം പൂര്‍ത്തീകരിക്കുവാന്‍ കണ്ടെത്തിയത് മലബാറിലെ പൊന്നുവിലയുമെന്നു വിശ്വസിച്ച, അല്ലെങ്കില്‍ സ്വയം പറഞ്ഞു വിശ്വസിപ്പിച്ച കണ്ടല്‍ക്കാടുകലായിരുന്നു. വനാന്തര ഭൂമിയുടെ അടിത്തട്ടില്‍ ഒളിച്ചു കഴിയുന്ന മണ്ണ് ഭലഭൂയിഷ്ടവും, തങ്ങളെ തമ്പ്രാന്‍ പദവിയിലേക്ക് ഉയര്‍ത്താനും കെല്പുള്ളവയാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. നാണയത്തിന്‍ മറുപുറം എന്ന പോലെ തങ്ങളെ കാത്തിരിക്കുന്ന കൊടിയ വിപത്തുകള്‍ മനസ്സിലാക്കാതെ അന്നദാതാവായ പോന്നുതിരുമേനിയുടെ മണ്ണിനോട് യാത്ര പറഞ്ഞു അവര്‍ യാത്രതിരിച്ചു. അങ്ങനെ പുറപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരാണ് മാത്തന്‍, അവന്റെ ഭാര്യ മറിയം, മക്കളായ മേരിക്കുട്ടിയും ജോഹ്ണും, ചെറിയാനും കുടുംബവും , വര്‍ഗീസും , വര്‍ക്കിസാരും ആനിക്കുട്ടിയുമൊക്കെ.
മലബാരിലെതിയ അവര്‍ തങ്ങള്‍ക്കു വേണ്ട പുതിയ ഭൂസ്വത് അന്വേഷിച്ചു നടന്നു. അവിടെ അവരെ കാത്തു ജന്മിമാരുടെ കയ്യാളായ കാര്യസ്തര്‍ ഭൂമിവില്പനക്ക് തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു . അങ്ങനെ അവര്‍ ജന്മിമാരുടെ കൈവശമുള്ള കുന്നും താഴ്വാരവും വയലും നിറഞ്ഞ നിലങ്ങള്‍ ഏക്കറിന് 6, 7 എന്ന നിരക്കിനു വാങ്ങാന്‍ തുടങ്ങി. 20 മുതല്‍ 700 ഏക്കര്‍ വരെ ഓരോ കുടുംബവും വാങ്ങിക്കൂട്ടി. അങ്ങനെ വന്നവര്‍ വന്നവര്‍ നിലങ്ങള്‍ ഏറ്റെടുത്തു കൃഷി തുടങ്ങി. കാലാകാലങ്ങളുടെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ വനഭൂമിയുടെ പച്ചപ്പരവതാനി കൊണ്ടുള്ള മേലങ്കി നീക്കം ചെയ്തു. കപ്പ, പച്ചക്കറികള്‍, നെല്ല് അങ്ങനെ എല്ലാവിധ വിളകളും ആ മണ്ണില്‍ അവര്‍ പരീക്ഷിച്ചു.
അവരുടെ സുന്ദരസ്വപ്നങ്ങല്‌കു കോട്ടം തട്ടിച്ചു കൊണ്ട് ചെകുത്താന്‍ കാട്ടു പന്നികളുടെ രൂപത്തില്‍ ഒളിയമ്പുകള്‍ എയ്തുകൊന്ടെയിരുന്നു. ആ തടസ്സം അതിജീവിച്ചു കൃഷി പുനരാരംഭിച്ച ചിലര്‍ക്ക് മലംബനിയെയാണ് നേരിടേണ്ടി വന്നത്. സര്‍വനാശവും സംഭവിച്ച സ്ഥിയില്‍ നിന്നും അവര്‍ പിന്നെ ഉയിര്‍തെഴുന്നെട്ടില്ല. അനവധി വര്‍ഷങ്ങളുടെ ചെരുതുനില്‍പ്പുകള്‍ക്കൊടുവില്‍ അതെ മണ്ണില്‍ അവര്‍ വീരമൃത്യു അടഞ്ഞു. ബാക്കിയുള്ളവര്‍ പിറന്ന മണ്ണിലേക്കു യാത്രയായി. അന്തോണി എന്ന പരിശുദ്ധാത്മാവും കര്‍ത്താവിന്റെ ദൂതനുമായ ചെറുപ്പക്കാരനെ സാത്താന്‍, മാധവി എന്ന അസുരസ്ത്രീയുടെ രൂപത്തില്‍ വന്നു ഉന്മൂലനം ചെയ്തു. തന്റെ മേനിയഴക് കാട്ടി മാധവി അവനെ മോഹവലയത്തില്‍ ബന്ധനസ്ഥനാക്കി. അങ്ങനെ ഉറ്റവരും ഉടയവരും നഷ്ടപെട്ട ശേഷിക്കുന്ന ജനത തിരികെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വിഷഭൂമി തന്റെ അദൃശ്യ കരങ്ങള്‍ നീട്ടി വരാനിരിക്കുന്ന ഒരു പറ്റം ജനസമുചയതെ ആകര്ഷിച്ചുകൊന്ടെയിരിക്കുന്നു എന്നയിടത് ഇതിന്റെ തിരശ്ശീല വീഴുന്നു.
വിഷകന്യക ഒരു വ്യക്തിയുടെ കഥയല്ല, മറിച് ഒരു സമൂഹത്തിന്റെ കഥയാണ്. ജീവിക്കാന്‍ ത്രാണിയില്ലാതെ സ്വപ്‌നങ്ങള്‍ മെനഞ്ഞു മലബാറിലേക്ക് യാത്ര തിരിക്കുന്ന ഒരു സമൂഹമാണ്‌ ഇതിലെ നായകന്‍. നായകനെ മാടിവിളിക്കുന്ന വിഷകന്യകയായ് ദുരിതം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് തന്റെ ആശ്രിതരെ തള്ളി വിടുന്ന വിഷഭൂമി നായികയുടെ റോള്‍ കൈകാര്യം ചെയ്യുന്നു. വന്ജിതരാക്കപ്പെട്ട ഒരു സമൂഹമനസാക്ഷിയുടെ നേരും നെറിയും നിറഞ്ഞ ജീവിതമാണ്‌ ഈ നോവല്‍.

Sunday, October 16, 2011

ഒരു ഹൃദയത്തിന്‍റെ വിങ്ങല്‍

പിന്നിട്ടവഴിതാരകളിലെന്നോ കാലില്‍ തറച്ച നോവെന്ന മുള്ളും പേറി ദിക്കുകളോളം അലയുകയെന്‍ വിധി . നാളിത്രയും കണ്ടതും അറിഞ്ഞതുമായ മധുര നൊമ്പരങ്ങള്‍ അന്യമായിതീരാന്‍ ഇനിയും നാളുകലെത്ര ബാക്കി എന്നത് നിശ്ചയമില്ലെങ്കിലും അവയെല്ലാം കണ്ണെത്താ ദൂരത്തേക്കു മറയുവാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കുട്ടിക്കളികളും പിണക്കങ്ങളും ഇനക്കങ്ങലുമോക്കെയായി  കഴിച്ചു കൂട്ടിയ ബാല്യം, അതിലുപരി സൗഹൃദത്തില്‍ ചാലിച്ചെഴുതിയ യൗവ്വനം എന്ന മഹാകാവ്യം... വര്‍ണ ശബളമായിരുന്ന ഒരു കാലഘട്ടത്തിന്റെ ക്യാന്‍വാസിനു  തിരശീല വീഴുകയായി.....
മനസ്സിന്റെ അടിതാരയില്‍ നിറം മങ്ങിയ ഓര്‍മകളെ തഴുകികൊണ്ട്‌ ഒരു ഇളം കാറ്റു വീശുന്നു.. ജീവിത പാതയില്‍ സുഖലോല്പതകളുടെ പരവതാനി വിരിച്ച ഭാഗം അവസാനിക്കുകയായി. കണ്മുന്നില്‍ വിജനമായ വീഥികള്‍...........

ഇനിയെങ്ങോട്ട്............... 

Monday, July 18, 2011

മഴയുടെ നാദം

കൊഴിഞ്ഞു പോയ കാലങ്ങളെ അഗതാരില്‍ നിന്നും തൊട്ടുണര്‍ത്താന്‍ വീണ്ടും ഒരു ഇടവപ്പാതി കൂടി. കളകള നാദമയമായി  ഓരോ മഴത്തുള്ളിയും  ഭൂമിദേവിയെ തഴുകുമ്പോള്‍ മനസ്സില്‍ ഒരു കൂട്ടം ഓര്‍മകളുടെ വേലിയേറ്റം അരങ്ങേറിക്കഴിഞ്ഞിരിക്കുന്നു . പൊടിപടലങ്ങള്‍ നിറഞ്ഞ ഓര്‍മകള്‍ക്ക് പുത്തനൊരു ഉണര്‍വ് എകികൊണ്ട്  മഴ പെയ്തിറങ്ങുമ്പോള്‍ പുസ്തകതാളുകളില്‍ എന്നോ എഴുതാന്‍ മറന്നു വച്ച ഒരു അധ്യായം പുനര്‍ജനിക്കുകയായി.  മഴ നനഞ്ഞു നടന്ന ഒരു ബാല്യത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്നും ആരോ വിളിക്കുന്ന പോലെ. ചേതസ്സിന്റെ അടിത്തറയില്‍ ഒളിച്ചു കിടക്കുന്ന ആ സുന്ദര കാലത്തിലേക്ക് ഒരു മടക്ക യാത്ര യാദര്ധ്യമയിരുന്നെങ്കില്‍ ...  മനോഹരമായ ആ കാലം എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കഴ്ഞ്ഞു എന്ന സത്യം
എത്ര ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍  കഴിയുന്നില്ല.. ഹൃദയം വിതുംബുന്നപോലെ
, ശബ്ദം നിലക്കുന്നപോലെ....


             സര്‍വ ശ്രേഷ്ടനായ പോന്നു തമ്പുരാനെ.., തിരിച്ചു തരുമോ ഓര്‍മ്മകള്‍ നെയ്യുന്ന ആ ബാല്യം ഒരിക്കല്‍കൂടി...