Thursday, March 14, 2013

വിഷകന്യക - ഒരു ലഘു ലേഖനം

വിശ്വ വിഖ്യാത സാഹിത്യകാരന്‍ എസ്. കെ. പൊറ്റെക്കാടിന്റെ തൂലികയാല്‍ ജന്മമെടുത്ത ഒരിതിഹാസ കാവ്യമാണ് വിഷകന്യക . യാത്രാവിവരണ ഗ്രന്ഥകാരന്‍ , നോവലിസ്റ്റ്‌ , കഥാകൃത്ത്‌ എന്ന മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച എസ്. കെ യുടെ സമ്പൂര്‍ണ വിജയം വിളംബരം ചെയ്യുന്ന നോവലാണിത്‌. പ്രകൃതി വര്‍ണ്ണന പാടവതിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഈ സാഹിത്യ പ്രതിഭയുടെ തികച്ചും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ഈ മഹാകാവ്യത്തെ അവര്‍ കാലകാലങ്ങള്‍ക്ക് മുന്‍പ് തന്നെ നെഞ്ജെട്ടികഴിഞ്ഞു. ഉപമാലങ്കാര സാഗരത്തില്‍ മുക്കിയെടുത്ത തൂലികയാല്‍ പ്രേക്ഷകരെ പുളകം കൊള്ളിക്കുന്ന തന്റെ തനതു ശൈലി കെട്ടിയുരപ്പിച്ചിരിക്കുകയാണ് കഥാകാരന്‍ ഈ നോവലിലൂടെ.

ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നീരാളിപ്പിടിത്തത്തില്‍ അകപ്പെട്ടുപോകുന്ന തിരുവിതാംകൂര്‍ പാവങ്ങള്‍ തങ്ങളുടെ ശിഷ്ടകാലം പൂര്‍ത്തീകരിക്കുവാന്‍ കണ്ടെത്തിയത് മലബാറിലെ പൊന്നുവിലയുമെന്നു വിശ്വസിച്ച, അല്ലെങ്കില്‍ സ്വയം പറഞ്ഞു വിശ്വസിപ്പിച്ച കണ്ടല്‍ക്കാടുകലായിരുന്നു. വനാന്തര ഭൂമിയുടെ അടിത്തട്ടില്‍ ഒളിച്ചു കഴിയുന്ന മണ്ണ് ഭലഭൂയിഷ്ടവും, തങ്ങളെ തമ്പ്രാന്‍ പദവിയിലേക്ക് ഉയര്‍ത്താനും കെല്പുള്ളവയാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. നാണയത്തിന്‍ മറുപുറം എന്ന പോലെ തങ്ങളെ കാത്തിരിക്കുന്ന കൊടിയ വിപത്തുകള്‍ മനസ്സിലാക്കാതെ അന്നദാതാവായ പോന്നുതിരുമേനിയുടെ മണ്ണിനോട് യാത്ര പറഞ്ഞു അവര്‍ യാത്രതിരിച്ചു. അങ്ങനെ പുറപ്പെട്ട കുടിയേറ്റക്കാരില്‍ ചിലരാണ് മാത്തന്‍, അവന്റെ ഭാര്യ മറിയം, മക്കളായ മേരിക്കുട്ടിയും ജോഹ്ണും, ചെറിയാനും കുടുംബവും , വര്‍ഗീസും , വര്‍ക്കിസാരും ആനിക്കുട്ടിയുമൊക്കെ.
മലബാരിലെതിയ അവര്‍ തങ്ങള്‍ക്കു വേണ്ട പുതിയ ഭൂസ്വത് അന്വേഷിച്ചു നടന്നു. അവിടെ അവരെ കാത്തു ജന്മിമാരുടെ കയ്യാളായ കാര്യസ്തര്‍ ഭൂമിവില്പനക്ക് തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു . അങ്ങനെ അവര്‍ ജന്മിമാരുടെ കൈവശമുള്ള കുന്നും താഴ്വാരവും വയലും നിറഞ്ഞ നിലങ്ങള്‍ ഏക്കറിന് 6, 7 എന്ന നിരക്കിനു വാങ്ങാന്‍ തുടങ്ങി. 20 മുതല്‍ 700 ഏക്കര്‍ വരെ ഓരോ കുടുംബവും വാങ്ങിക്കൂട്ടി. അങ്ങനെ വന്നവര്‍ വന്നവര്‍ നിലങ്ങള്‍ ഏറ്റെടുത്തു കൃഷി തുടങ്ങി. കാലാകാലങ്ങളുടെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ വനഭൂമിയുടെ പച്ചപ്പരവതാനി കൊണ്ടുള്ള മേലങ്കി നീക്കം ചെയ്തു. കപ്പ, പച്ചക്കറികള്‍, നെല്ല് അങ്ങനെ എല്ലാവിധ വിളകളും ആ മണ്ണില്‍ അവര്‍ പരീക്ഷിച്ചു.
അവരുടെ സുന്ദരസ്വപ്നങ്ങല്‌കു കോട്ടം തട്ടിച്ചു കൊണ്ട് ചെകുത്താന്‍ കാട്ടു പന്നികളുടെ രൂപത്തില്‍ ഒളിയമ്പുകള്‍ എയ്തുകൊന്ടെയിരുന്നു. ആ തടസ്സം അതിജീവിച്ചു കൃഷി പുനരാരംഭിച്ച ചിലര്‍ക്ക് മലംബനിയെയാണ് നേരിടേണ്ടി വന്നത്. സര്‍വനാശവും സംഭവിച്ച സ്ഥിയില്‍ നിന്നും അവര്‍ പിന്നെ ഉയിര്‍തെഴുന്നെട്ടില്ല. അനവധി വര്‍ഷങ്ങളുടെ ചെരുതുനില്‍പ്പുകള്‍ക്കൊടുവില്‍ അതെ മണ്ണില്‍ അവര്‍ വീരമൃത്യു അടഞ്ഞു. ബാക്കിയുള്ളവര്‍ പിറന്ന മണ്ണിലേക്കു യാത്രയായി. അന്തോണി എന്ന പരിശുദ്ധാത്മാവും കര്‍ത്താവിന്റെ ദൂതനുമായ ചെറുപ്പക്കാരനെ സാത്താന്‍, മാധവി എന്ന അസുരസ്ത്രീയുടെ രൂപത്തില്‍ വന്നു ഉന്മൂലനം ചെയ്തു. തന്റെ മേനിയഴക് കാട്ടി മാധവി അവനെ മോഹവലയത്തില്‍ ബന്ധനസ്ഥനാക്കി. അങ്ങനെ ഉറ്റവരും ഉടയവരും നഷ്ടപെട്ട ശേഷിക്കുന്ന ജനത തിരികെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വിഷഭൂമി തന്റെ അദൃശ്യ കരങ്ങള്‍ നീട്ടി വരാനിരിക്കുന്ന ഒരു പറ്റം ജനസമുചയതെ ആകര്ഷിച്ചുകൊന്ടെയിരിക്കുന്നു എന്നയിടത് ഇതിന്റെ തിരശ്ശീല വീഴുന്നു.
വിഷകന്യക ഒരു വ്യക്തിയുടെ കഥയല്ല, മറിച് ഒരു സമൂഹത്തിന്റെ കഥയാണ്. ജീവിക്കാന്‍ ത്രാണിയില്ലാതെ സ്വപ്‌നങ്ങള്‍ മെനഞ്ഞു മലബാറിലേക്ക് യാത്ര തിരിക്കുന്ന ഒരു സമൂഹമാണ്‌ ഇതിലെ നായകന്‍. നായകനെ മാടിവിളിക്കുന്ന വിഷകന്യകയായ് ദുരിതം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് തന്റെ ആശ്രിതരെ തള്ളി വിടുന്ന വിഷഭൂമി നായികയുടെ റോള്‍ കൈകാര്യം ചെയ്യുന്നു. വന്ജിതരാക്കപ്പെട്ട ഒരു സമൂഹമനസാക്ഷിയുടെ നേരും നെറിയും നിറഞ്ഞ ജീവിതമാണ്‌ ഈ നോവല്‍.

No comments: