ഇടവപ്പാതി ഉഗ്ര രൂപം പൂണ്ടു നിൽക്കുന്ന മെയ് മാസത്തിലെ ഒരു രാത്രി. ഇടവേളകളില്ലാതെ പെയ്തോഴിയാറുള്ള മഴ അന്നും പതിവ് തെറ്റിച്ചില്ല. സമയം പാതിരാത്രി 12:00 മണി ആയിക്കാണണം. പുതപ്പിനുള്ളിൽ ചുരുണ്ട്കൂടി കിടക്കുകയാണെങ്കിലും ഉറങ്ങാൻ അവനു കഴിയുന്നില്ല. പണ്ട് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയിൽ പുതപ്പിൻ കീഴിൽ കിടന്നുറങ്ങുന്നയത്ര സുഖം മറ്റൊരു സമയത്തും കിട്ടില്ലെന്ന്. എന്നാൽ അതിലൊന്നും കാര്യമില്ല എന്ന് അവന്റെ അനുഭവങ്ങൾ അവനെ പഠിപ്പിച്ചിരിക്കുന്നു. ചെറുപ്പ കാലത്തായിരുന്നെങ്കിൽ അതിനൊക്കെ അർഥം ഉണ്ടെന്നു പറയാമായിരുന്നു. അമ്മയുടെ മാറിലെ ചൂടും പറ്റി ഉറങ്ങുമ്പോൾ ഈ ലോകം മുഴുവൻ അവനു താരാട്ടു പാടുമായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു, ഒന്നിന് പിറകെ ഒന്നായി വ്യാകുലതകൾ കടന്നു വന്നു കൊണ്ടിരുന്നു. രാത്രിയിൽ ഉറക്കം പേരിനു മാത്രം, അതാണെങ്കിൽ തന്നെ ഇയർ ഫോണിൽ നിന്നുള്ള സംഗീത ലഹരിയിൽ എല്ലാം മറക്കുമ്പോൾ. മഴയുടെ ഇരമ്പം ഇയർ ഫോണിനെയും കവച്ചു വക്കാൻ പോന്നതായത് കൊണ്ടാവും അന്ന് ഉറക്കം അകന്നു നിന്നു. പുതപ്പു വശത്തേക്ക് മടക്കി ഇട്ട് കിടക്കയിൽ നിന്നും അവൻ എണീറ്റു. തന്റെ സ്വകാര്യത ഒരു പരിധി വരെ ഇഷ്ട്ടപ്പെടുന്ന അവനു റൂമിൽ ഒറ്റക്കായത് ഒരുവിധത്തിൽ അനുഗ്രഹം ആയിരുന്നു. പതിയെ എഴുന്നേറ്റ് ലൈറ്റ് തെളിയിക്കാതെ അവൻ മുറിക്കു പുറത്ത് കടന്നു. മുറിയിൽ നിന്നും നേരെ ഇറങ്ങുന്നത് ഹാൾ ലേക്കാണ്. ഹാളിൽ നിന്നുമാണ് ബാല്കണിയിലേക്കുമുള്ള വാതിൽ. അടുത്ത മുറികളിൽ അവന്റെ സുഹൃത്തുക്കൾ നല്ല ഉറക്കത്തിലാണ്. ഒരു ദിവസത്തെ അധ്വാനത്തിന്റെ ക്ഷീണം തീർക്കാൻ അവർക്ക് ആകെ കിട്ടുന്ന സമയം നിലാവ് പരക്കുന്ന രാത്രിയുടെ മധ്യായ്നം മാത്രമാണ്. അവൻ ഹാളിൽ നിന്നും നേരെ ബാല്കണിയിലേക്ക് ഇറങ്ങി. അവിടെ നിന്നാൽ അങ്ങ് പടിഞ്ഞാറ് അറബിക്കടൽ കാണാം, തിരമാലകൾ കടപ്പുറത്ത് ബഹളം കൂട്ടുന്നതും കേൾക്കാം. എന്നാൽ ഇന്ന് മഴയുടെ ശബ്ദത്തിൽ അവയെല്ലാം നിശബ്ദരാണ്. 6 ആം നിലയിലെ ആ ബാൽക്കണിക്കു അലങ്കാരമായി ഉള്ള കമ്പി വേലികളിൽ ചാരി അവൻ നിന്നു. ഉറക്കമില്ലാത്ത പല രാത്രികളിലും ആ ബാല്കണി ആണ് അവനു അഭയം നൽകിയിട്ടുള്ളത്. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥയിൽ അവൻ അവന്റെ വിഷമങ്ങൾ പങ്കു വച്ചതും ആ ബാല്കണിയോട് മാത്രമാണ്. അന്നൊക്കെ ഒരു ഉറ്റ ചങ്ങാതിയെപ്പോലെ അത് അവന്റെ സങ്കടങ്ങളിൽ പങ്ക് ചേർന്നു.
സ്ഥിരമായി ഉള്ള കടൽക്കറ്റിനൊപ്പം മഴ കൂടി ആയപ്പോൾ തണുപ്പ് അവന്റെ അസ്ഥികലെപ്പോലും ചലനം അറ്റതാക്കി. മഴയുടെ സുഖം പൂർണ്ണമായി അനുഭവിച്ചറിയാൻ അവൻ തന്റെ മുഖം പുറത്തേക്കു നീട്ടി. മഴത്തുള്ളികൾ അവന്റെ നെറ്റിയിൽ പതിച് കണ്ണുകളെ തഴുകി കവിളിൽക്കൂടി ഒഴുകി ഇറങ്ങി. എന്തെന്നില്ലാത്ത ഒരു പ്രത്യേകത അവനു അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരൽപം മുന്നേ വരെ അവനെ അലട്ടിയിരുന്ന പ്രശ്നങ്ങളെല്ലാം മഴതുള്ളികൾക്കൊപ്പം ഒലിച്ചുപോയപോലെ. നാളെ നേരം പുലരുമ്പോൾ ലോകം അവസാനിച്ചു എന്ന വാർത്ത തന്നെ വരവേൽക്കണേ എന്ന് ആഗ്രഹിച്ചിരുന്ന സ്ഥാനത് ഇപ്പോൾ പ്രതീക്ഷയുടെ തളിര്നാമ്പ് മുളച്ചിരിക്കുന്നു. ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾക്ക് ബാലിയാടായിക്കിടന്നിരുന്ന താൻ ബന്ധനസ്ഥൻ ആയ പോലെ. ഇരുളിൽ നിന്നും തന്നെ ലക്ഷ്യമാക്കി വന്നിരുന്ന അമ്പുകളെ നേരിടാൻ പ്രാപ്തി ഇല്ലാതെ തളർന്നു നിന്നിരുന്ന അവൻ ഇന്നതിനെ നേരിടാൻ തയ്യാറായിരിക്കുന്നു. മുഖത്ത് ചിരിയുടെ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഏകാന്തതയുടെ കരിനിഴൽ പതിച്ചിരുന്ന തന്റെ മനസ്സിന്റെ ഇടനാഴികളിൽ എവ്ടെയൊക്കെയോ ഉയിർതെഴുന്നെൽപ്പിന്റെ വെളിച്ചം കണ്ടു തുടങ്ങിയിരിക്കുന്നു. സുഹൃത്ത് ബന്ധങ്ങളെ വീണ്ടും ഒരുമിപ്പിച് കൊണ്ട്പോകാൻ കഴിയും എന്നൊരു പ്രതീക്ഷ. ലക്ഷ്യബോധമില്ലാതെ അലഞ്ഞിരുന്ന ദേഹിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം. ഈ പാതിരാ മഴത്തുള്ളികൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്നു.
കലാലയ ജീവിതത്തിൽ സമ്പാദ്യമായി സ്വരുക്കൂട്ടിയത് ഒരുപറ്റം സുഹൃത്ത് ബന്ധങ്ങളാണ്, ആൺ പെൺ ഭേദമില്ലാത്ത കുറെയധികം നല്ല സുഹൃത്തുക്കളെ. പലരും പല വഴിക്ക് തിരിഞ്ഞ് പോയി. കുറേപ്പേർ ജീവിത സമ്പാദ്യത്തിൽ ശ്രദ്ധ ചെലുത്തി ജീവിക്കുന്നു, ബന്ധങ്ങൾ അമൂല്യമായി കരുതുന്നവർ ഇപ്പോൾ വളരെ കുറവ്. കോളേജ് അവസാന കാലത്ത് ഏതൊരു വിദ്യാർത്ഥിയെയും പോലെ ജീവിതം ഒറ്റയടിക്ക് കയ്യെത്തിപ്പിടിക്കാൻ ജോലി അന്വേഷിച് നടന്ന ഒരുകൂട്ടം വിദ്യാർത്ഥികളിൽ ഒരുവൻ ആയിരുന്നു അവനും. ക്യാമ്പസ് പ്ലെസ്മെന്റിൽ ജോലി തരപ്പെട്ടു പടി ഇറങ്ങുമ്പോൾ വ്യാകുലതകൾ ചെറുതായി ഉണ്ടായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ സമാധാനം ആയിരുന്നു, എന്തെന്നാൽ പഠിത്തം കഴിഞ്ഞ് അലഞ്ഞു തിരിഞ്ഞ് നടകേണ്ടി വരില്ലല്ലോ. എന്നാൽ അവന്റെ ആ ആശ്വാസത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
ജോലിക്ക് പ്രവേശിച്ച ആദ്യ കാലങ്ങളിൽ കലാലയ ജീവിത ശൈലികൾ ആവർതിക്കപ്പെട്ട പോലെ തന്നെയായിരുന്നു. ആകെ വ്യത്യാസം ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്നു എന്നത് മാത്രമാണ്. പുതിയ സുഹൃത്തുക്കൾ , പുതിയ ചുറ്റുപാട് , തീരെ പരിചിതമല്ലാത്ത പ്രഫഷണൽ ലൈഫ്, എല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയ നാളുകൾ. ട്രെയിനിംഗ് നു ശേഷം ഓരോരുത്തരെയും ഓരോരോ മേഖലകളിലേക്ക് വിന്യസിക്കാൻ തുടങ്ങി. വിരലിൽ എണ്ണാൻ കഴിയുന്നവർ ഒഴികെ അവന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാം വളരെ അകന്നു പോകുന്നത് അവൻ അറിഞ്ഞു. ആരോടും പരാതി പറയാൻ ആകാതെ തന്റെ മേഖലയിലേക്ക് അവൻ കടന്നു. ചെയ്യുന്നതിലൊന്നും പൂർണ തൃപ്തി കണ്ടെത്താൻ അവനു സാധിച്ചില്ല. എന്തൊക്കെയോ എവിടെയൊക്കെയോ അകന്നു നിൽക്കുന്ന പോലെ. കേൾക്കുന്നവർ തന്നെ ഭ്രാന്തൻ എന്ന മുദ്ര കുത്തും എന്ന ഭയത്താൽ അവൻ ആരോടും ഒന്നും പറഞ്ഞില്ല. കാലങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ അവന്റെ ഉള്ളിലെ ശൂന്യത കൂടി വന്നതെയുള്ളു. എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് പോലും തോന്നിയ നാളുകൾ. എങ്കിലും ഒരു തീരമണയും വരെ തുഴച്ചിൽ തുടരാൻ അവൻ നിർബന്ധിതനായി. ആ തുഴച്ചിൽ ഇന്നും തുടരുന്നു.
ഹാളിൽ തൂക്കിയിരുന്ന ക്ലോക്കിൽ മണി ഒന്നടിച്ചു. പെട്ടെന്ന് അവൻ ചിന്തകളിൽ നിന്നും ഉണർന്നു. മഴ തോർന്നിരിക്കുന്നു, തിരമാലകൾ വീണ്ടും ബഹളം തുടങ്ങിയിരിക്കുന്നു. എന്നാലും മഴ പകർന്നു നൽകിയ ഉന്മേഷം അവനു കൈമോശം വന്നിട്ടില്ല. കാലങ്ങൾക്ക് ശേഷം സന്ധ്യാസമയത്ത് ശ്രീ പത്മനാഭനെ തൊഴുതു വണങ്ങി അവിടുത്തെ മണൽത്തിട്ടയിൽ കുറെയധികം സമയം ചെലവഴിച്ചത് കൊണ്ടും കൂടിയാകും 2 വർഷങ്ങളായി വല്ലപ്പോളും മാത്രമുള്ള ഈ ഒരു മനശ്ശാന്തി. എല്ലാം ഒരു നിമിത്തം പോലെ തോന്നുന്നു. വീണ്ടും ഒരു പടിയിറക്കത്തിനു സമയമായത് അവന് അറിയാൻ കഴിയുന്നുണ്ട്. സമാധാനം അറിഞ്ഞിട്ടില്ലാത്ത നാളുകൾക്ക് വിട. തന്റെ പാത ഇതല്ലെന്ന് മനസ്സിൽ ഉറപ്പിച് കഴിഞ്ഞു, അതിലേക്കുള്ള ദൂരം അകലെയുമല്ല. ഒരു ആയുസ്സിൽ മനുഷ്യന് ഏറ്റവും അത്യാവശ്യം മനസ്സമാധാനം ആണെന്ന അവന്റെ കാഴ്ചപ്പാട് വീണ്ടും പൂട്ടി ഉറപ്പിക്കപ്പെടുന്നു.
തിരിച്ചു മുറിയിൽ കടന്ന് പുതപ്പിനടിയിൽ സ്ഥാനം പിടിച്ചപ്പോൾ അവനൊരു കാര്യം ശ്രദ്ധിച്ചു, ഉറങ്ങുന്നതിനു മുന്നേ ഉള്ള നിമിഷ നേരത്തെ പ്രാർത്ഥനയിൽ കടന്നു വരാറുള്ള വാക്കുകൾക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ലോകാവസാനം ആഗ്രഹിച്ചിരുന്ന അവനിന്ന് നല്ല നാളെയ്ക്കായി പ്രാർത്ഥിച്ചു തുടങ്ങിയിരിക്കുന്നു.

3 comments:
Nannayittund jp...ashamsakal
Thank you chechi...
:)
Post a Comment